06 മേയ് 2013

കളഞ്ഞ കാല്‍ത്തള


മകന്റെ ഒരു കാല്‍ത്തള കാണാതായി..
അലമാറയിലെവിടെയോ കുടുങ്ങിരിപ്പുണ്ടെന്നുഭാര്യ..

അയലത്തെ ചേച്ചി സഹായിച്ചു സഹായിച്ചു
കീശയിലാക്കിയെന്നു ഞാന്‍...

അച്ഛന്‍ അശ്രദ്ധയാണെന്നു

പതിവുപോലെ പിറുപിറുത്തു പഴിച്ചു...

പണ്ടു കോളേജിലക്ഷന്‍ കാലത്ത്
നഷ്ടപ്പെട്ട മോതിരമോര്‍ത്താവാം,അമ്മ
ഗൂഡാര്‍ത്ഥത്തില്‍ എന്നെനോക്കിച്ചിരിച്ചു..

പക്ഷെ, ഒമ്പതുമാസക്കരന് ഒട്ടും പരിഭ്രമമില്ല...
സ്വന്തമായുള്ളതെല്ലാം മിഥ്യയാണെന്നൊരുള്‍ക്കാഴ്ചയില്‍
സ്വന്തം പാല്‍‌പ്പല്ലുകാട്ടിയാര്‍ത്തുചിരിച്ചു...!!