15 ഒക്‌ടോബർ 2012

വളപ്പില്‍ ശാലയില്‍ നിന്നും കൂടംകുളത്തേക്ക്

വളപ്പില്‍ ശാലയില്‍ നിന്നും
കൂടംകുളത്തേക്ക് അധികം ദൂരമില്ല
അവിടെ നിന്ന് അതിവേഗ പാതയിലേക്കും..

വെറുതെ നിന്നു ചിരിക്കണ്ട,
കണ്ണുമുറുക്കിയടയ്ക്കണ്ട
കുടിയിറയ്ക്കത്തിന്റെ
പൊന്നും വിലവരകള്‍ ഏതുനേരവും
നമ്മുടെ മുതുകത്തും വീഴ...

ഭരിക്കുന്നവര്‍ പാവങ്ങളെ അത്രയേറെ
സം‌രക്ഷിക്കുന്നുണ്ട്....

29 സെപ്റ്റംബർ 2012

ആമ്പുലന്‍സിന്റെ സംഗീതം

ആമ്പുലന്‍സ് ഒരു സൂചകമാണ്
അതിന്റെ സംഗീതം
മരണത്തിന്റെ കൊമ്പുവിളിയാവാം
അല്ലെങ്കില്‍
തിരിച്ചു വരവിലേക്കുള്ള കുഴല്‍‌വിളിയാവാം...!!

ഉവ്വ്

കളവ് പറഞ്ഞു മടുത്തു
കനവു കണ്ടും മടുത്തു.
കഥയറിയാതെ ഉഴലും മനസ്സില്‍
കവിത കേറിയിങ്ങ് മേഞ്ഞു....

കൂനന്‍ മാരുടെ ഉറക്കം

കൂടംകുളത്ത് എന്തൊണാവോ സംഭവിക്കുന്നത്
പക്ഷേ, ഇടിന്തകരയില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.

കണ്ണുണ്ടായാലും നമ്മളത് കാണില്ല..
കഴിവുണ്ടായാലും കേള്‍ക്കില്ല.

അല്ലെങ്കിലും, സ്വന്തം മുതുകത്ത്
കൂന് വന്നാലെ നമ്മള്‍ കൂനന്‍ മാരുടെ
ഉറക്കത്തെക്കുറിച്ച് ചിന്തിക്കൂ....

07 ഓഗസ്റ്റ് 2012

കൊല്ലാനവകാശമുണ്ട്, പക്ഷേ ചോദിക്കാന്‍ നിങ്ങള്‍ക്കില്ല

ബസ്സുകാത്തുനില്‍ക്കവേ
സ്റ്റോപ്പിനു മുന്നില്‍ വലിയ ഫ്ലക്സ്.
ചരിത്രത്തിന്റെ ഏടില്‍നിന്നും
ചികഞ്ഞെടുത്ത വേട്ടയാടപ്പെട്ടവരുടെ പട്ടിക,
രക്തസാക്ഷിയായവരുടെ ത്രസിക്കുന്ന ഓര്‍മ്മകള്‍,
പിന്നെ വേട്ടയാടിയവരുടെ പേരും..

ബോര്‍ഡിന്റെ പുറത്തുള്ള ശുന്യതയില്‍
ഒരു ചുവന്ന കണ്ണ് വാളോങ്ങിയലറുന്നുണ്ടോ?
"അതുകൊണ്ട് കൊല്ലാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്
പക്ഷേ ചോദിക്കാന്‍ നിങ്ങള്‍ക്കില്ല...!!!"

03 ജൂൺ 2012

മഴ.. മിഴി..

മഴപെയ്യും മുൻപേ
മാനത്ത് കനക്കുന്നു കറുത്ത സ്വപ്നങ്ങൾ..
ജീവിച്ചു തീരും മുൻപേ
ജീവനിൽ ഏതോ 'കൊട്ടേഷൻ' കണ്ണുവെക്കുമ്പോലെ..
പ്രണയത്തിനു കണ്ണില്ലെങ്കിലും
അന്ന് എന്റെ പ്രണയിനിക്കു നേരെ ഞാൻ
തുറന്നു വെക്കും, ഒരു തുറുകണ്ണ്..
കണ്ണില്ലാത്ത ലോകത്തിന്റെ
ശവത്തിനൊരു കുത്തായി...
പിന്നെ മഴതിമിർക്കും...
കണ്ണീർ മഴ....