20 ഒക്‌ടോബർ 2010

കനലെരിയുന്ന ശൂന്യത

അറിയാതെയാണെങ്കിലും ഞാനന്ന് മീരയുടെ കൈ തട്ടിപ്പോയിരുന്നു.
പിന്നെ മനഃപൂര്‍വമായിത്തന്നെ അത് വലിച്ചുകളഞ്ഞു.
കത്തിതീരാത്ത, അറിയാത്ത ആ ചിതക്കരികില്‍ നിന്ന് അവളുടെ വിതുമ്പലുകള്‍ക്ക് എന്റെ കുട മറപിടിക്കുന്നുണ്ടായിരുന്നു.
കണ്ണീരിറങ്ങി കലങ്ങിയ കണ്ണുകളില്‍ നോക്കി, തിരിച്ചിറങ്ങുമ്പോള്‍ ചോദിച്ചു
"ആരായിരുന്നു അത്?"
"ആരായാലെന്താ, ഒരു പിടിചാരമാവാന്‍ ഇനി നിമിഷങ്ങള്‍ പോരെ?"
ആ മറുചോദ്യം എന്നെ നിശ്ശബ്ദനാക്കി.

പട്ടണത്തിന്റെ ആളൊഴിഞ്ഞ വഴിത്താരയില്‍ എത്തിയപ്പോള്‍ പെട്ടന്നായിരുന്നു അവള്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത്.
പൊളിഞ്ഞു വീഴാറായ കടത്തിണ്ണയുടെ ആളൊഴിഞ്ഞ വരാന്തയില്‍ ഒരു തേങ്ങലായ് മീര പെയ്തിറങ്ങി.
ആ വഴിയിലെ എന്റെ എന്നത്തേയും ചോദ്യചിഹ്നമായ ഒരു പിച്ചക്കാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി ആ ശൂന്യതയിലെവിടെയോ മറഞ്ഞിരുന്നു. ഒരിക്കലും എനിക്കുനേരെ നീങ്ങാതിരുന്ന പുഞ്ചിരിക്കാരിയുടെ കൈകള്‍ ഉണ്ടാക്കിയ അസ്വസ്തതക്കുള്ള ഉത്തരം അന്നെന്തോ മീരയുടെ കണ്ണുകളിലുണ്ടെന്ന് തോന്നി.

"വാ പോം.."
മുതുകത്ത് തളര്‍ന്ന് ചാരിയുറങ്ങുന്ന മീരയും, മുന്നില്‍ കനലെരിയുന്ന മറുനാടന്‍ പുഞ്ചിരിയുടെ ശൂന്യതയും എന്റെ യാത്രകളെ അലോസ്സരപ്പെടുത്തുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ