10 ഓഗസ്റ്റ് 2010

അസഹ്യതയുടെ കയ്പ്പും മധുരവും

കാത്തിരിപ്പിന്
മഞ്ഞുപെയ്യുന്ന കാലത്തിന്‍റെ
പ്രണയക്കുളിരും
മരുഭൂമിയിലെ മരുപ്പച്ചയില്‍ കായ്ക്കും
പണക്കൊഴുപ്പിന്‍റെ വിരഹവേദനയും
ഉണ്ടെന്ന് പണ്ടേ എനിക്കറിയാം.

പക്ഷേ, അതിനൊന്നും
ശ്രീചിത്രയിലെ വിരസമായ
വിശ്രമമുറിയിലെ മടുപ്പിക്കുന്ന ഏകാന്തത
ഉണ്ടാവില്ല തീര്‍ച്ച!
തലേന്ന് ഉറങ്ങാനാവാത്തവര്‍
വിളികാത്ത് മയങ്ങി
ഉണ്ടാക്കുന്ന കൂര്‍ക്കം വലിയുടെ അസഹ്യത ഉണ്ടാവില്ല!
കോഫീമെഷീനിലെ പണം കൊടുത്ത്
വാങ്ങുന്ന കയ്പ്പുണ്ടാവില്ല!
ഒരുതുണ്ട് പത്രത്താളില്‍
രാവിലെ മുതലേ വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത വാര്‍ത്തകളുടെ മാധുര്യവുമുണ്ടാവില്ല!

വിളികാത്തിരിക്കുന്നൊരെന്‍ കവിളത്ത്
മരണം ദാവണിയുരുമ്മിക്കടന്നുപോയ്
വിധിയല്ലേ ഈകാത്തിരിപ്പ്?
അവസാന വിളിവരും വരെയെല്ലാര്‍ക്കും!

(ശ്രീചിത്ര ആശുപത്രിയില്‍ ഓപ്പറേഷന്‍ കാത്തുകഴിയുന്ന ബന്ധുവിന് വേണ്ടി മണിക്കൂറുകളോളം വിശ്രമ മുറിയില്‍ ഇരിക്കേണ്ടി വന്നപ്പോള്‍ എഴുതിയത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ