30 ഡിസംബർ 2008

പല്ലുക്കുത്തിയുടെ ഉച്ചഭക്ഷണം

   ആദ്യമായും അവസാനമായും ഒരിക്കലേ ഞാൻ പല്ലുക്കുത്തിയോടൊപ്പം ഭക്ഷണം കഴിച്ചിട്ടുള്ളു.
   പല്ലുക്കുത്തിയുടെ യഥാർത്ഥപേരു പറയുന്നത്‌ ഉചിതമല്ലല്ലോ, രൂപം മാത്രം പറയാം, നരച്ച താടിയും മുടിയും - എന്ന് വച്ച്‌ പൂരാവയസ്സനൊന്നുമല്ല- ഒരിക്കലും അത്‌ ചീകി ഒതുക്കി വച്ചതായ്‌ ഞാൻ കണ്ടിട്ടില്ല, വേളുത്ത മുണ്ടും ഷർട്ടും വേഷം, ഒരിക്കലും അവ ഇസ്തിരി ഇട്ടതായി കണ്ടിട്ടില്ല, അതുപോലെ മുണ്ട്‌ മടക്കിയുടുക്കുന്നതും കണ്ടിട്ടില്ല, നിലത്തുകൂടെ വലിച്ചിഴച്ചു നടക്കുന്ന മുണ്ടിന്റെ അറ്റം ചളിപുരണ്ട്‌ ചുവന്നു കൊഴുത്തിട്ടുണ്ടാകും. ഇത്രയൊക്കെ യാണെങ്കിലും ഞങ്ങളുടെ ഓഫീസിലെ ഏറ്റവും വലിയ ബുദ്ധിജീവി ഈ പല്ലുക്കുത്തി തന്നെ യായിരുന്നു. ഇടക്കിടയ്ക്ക്‌ വരുന്ന ദുർന്നടപ്പ്‌ രോഗവും, വായിൽ എപ്പോഴുമുള്ള വികൃതമാക്കപ്പെട്ട പാട്ടുകളും ചേർന്നാൽ പല്ലുക്കുത്തി പരിപൂർണ്ണനായി.
   ഞങ്ങളുടെ ഓഫീസിന്റെ ഒരു സെറ്റപ്പ്‌ വച്ച്‌ എല്ല്ലാവർക്കും ഒരുമിച്ചിരുന്നു ഉച്ച ഭക്ഷണം കഴിക്കാൻ കഴിയാറില്ല, അന്ന് പക്ഷെ എന്റെ കൂടെ യാദൃശ്ചികമായി മേൽപ്പറഞ്ഞ മഹാൻ ഊൺ കഴിക്കാനെത്തി. ഞാനൊക്കെ കഴിക്കുന്ന ഭക്ഷണത്തിന്റെ പത്തിലോന്നുമാത്രം വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവന്നിരിക്കുന്നു, പാവപ്പെട്ട ഭാര്യ കൊഴപ്പാകത്തിൽ വിളമ്പിവച്ച ചോർ ഏതാണ്ട്‌ രണ്ടുരുളയേ വരൂ, അതു തന്നെ ഉണ്ടാക്കിയ ഭാര്യയെ മുച്ചൂടും തെറിപറഞ്ഞ് അങ്ങേർ തിന്നുതീർത്തു. എന്റെ ചോറു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു, പിന്നീടാണ് പല്ലുക്കുത്തിയുടെ വിശ്വരൂപം ഞാൻ കണ്ടത്‌, വായ കഴുകിയ ശേഷം മടിയിൽ കരുതിയ ഒരു ചെറിയ കഷ്ണം ഈർക്കില എടുത്ത്‌ പല്ലിൽ കുത്താൻ തുടങ്ങി. പല്ലുകൾക്കിടയിൽ കുരുങ്ങി ക്കിടന്ന അഴുക്കുഭക്ഷണം മുഴുവൻ പുറത്ത്‌ വന്നു, അത്‌ താടിയിലും മുടിയിലും പറ്റിച്ച്‌, ചവച്ചരച്ച്‌ അദ്ദേഹം ലോകകാര്യങ്ങൾ മുഴുവൻ എന്നോട്‌ പറയാൻ തുടങ്ങി. എന്റമ്മോ, ജീവിതത്തിൽ ഇത്രയും ടെൻഷനടിച്ച്‌ ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തിരുവായിൽ നിന്നും എന്റേതിലേക്ക്‌ തെറിക്കാതിരിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു, എന്നാലും എന്റെ ചോറിൻ അന്ന് ഒരു പഴംചോറിന്റെ സ്വാദുകൂടിച്ചേർന്നിട്ടുണ്ടായിരുന്നോ..?
   അതിനുശേഷമ്മം പല്ലുക്കുത്തിയെ ആ ഏരിയയിലെങ്ങാനും കാണ്ടാൽ അന്ന് ഞാൻ ചോറുകഴിക്കാറില്ല..!

26 ഡിസംബർ 2008

കമാണ്ടോ അയ്യപ്പൻ

   പമ്പാഗണപതിക്ക്‌ നാളീകേരമുടച്ച് തിരിഞ്ഞപ്പോളാണ് സുമുഖനായ, അടിമുടി കറുപ്പുധരിച്ച സ്വാമിയെക്കണ്ടത്‌. സാധാരണ ഏതെങ്കിലും ഒന്ന്-ഒന്നുകിൽ അരയ്ക്ക്‌ താഴ, അല്ലെങ്കിൽ മുകളിൽ- മാത്രം കറുപ്പിലുള്ളസ്വാമിമാരെയെ കണ്ടിട്ടുള്ളൂ, ഇത്‌ പക്ഷെ അടിമുടി കറുപ്പു തെന്നെ, ഞാൻ എന്നെ തെന്നെ മറന്ന് ആസ്വാമിയെ ഒന്നു ശരിക്ക്‌ നമസ്കരിക്കാനായി കുനിഞ്ഞു, അപ്പോളാണു തോളത്തു തൂങ്ങുന്ന എ കെ 47 (അതു തന്നെയാണാവോ, എനിക്കറിയാവുന്ന വലിയ തോക്ക്‌ ഇന്നും അതുമാത്രമാണ്) കണ്ടത്‌, സൂക്ഷിച്ച്‌ നോക്കിയപ്പോൾ തോളത്ത്‌ "കമാണ്ടോ" എന്ന പരസ്യവും. സുമുഖനായ ആ കമാണ്ടോ അയ്യപ്പൻ( പോലീസ്‌ അയ്യപ്പന്മാർ പണ്ടെ ഉള്ളതാണല്ലോ, ഇത്‌ പുതിയ ടൈപ്പ്‌) നെറ്റിയിൽ കുറിചാർത്തിയിട്ടുണ്ട്‌, കുറച്ച്‌ സമാധാനമായി അതു കണ്ടപ്പോൾ. എന്തായാലും അങ്ങേരടുത്ത്‌ അധികം ചുറ്റിപറ്റാതെ ഞാൻ മലകയറാൻ തുടങ്ങി.
   പമ്പയിൽ നല്ലപോലെ വെള്ളമുണ്ടായിരുന്നു. പാപം തീരാൻ ശരിക്കു മുങ്ങി. തീർത്ഥാടനത്തിന്റെതുടക്കമായതിനാൽ പമ്പയും തീരവും മലിനമായിവരുന്നേയുള്ളൂ. ഈ സുഖമുള്ള അവസ്തകൾ സൃഷ്ടിച്ച എല്ലാ കുളിർമയും ഈ ഒരു ദർശനത്താൽ നഷ്ടമായിരുന്നു.
   നീലിമലയും, അപ്പാച്ചിയും ഇക്കുറി വളരെ കഠിനമായിതോന്നുന്നുണ്ടായിരുന്നു അഛന്, പ്രായം അഛനും ഏറുകയല്ലെ. ഗുരുവായൂരിൽ നിന്നും വാങ്ങിവച്ച പഞ്ചസാര കയറ്റത്തിന്റെ ചില ഇടങ്ങളിൽ വലിയ സാന്ത്വനമായി. പക്ഷെ എന്റെ മനസ്സുനിറയെ പമ്പയിലെ ദർശനം സൃഷ്ടിച്ച ഷോക്കായിരുന്നു. അഖിലാണ്ട കോടി, ബ്രഹ്മാണ്ട നായകനായ, സാക്ഷാൽ കലിയുഗ വരദനായ, കൺകണ്ട ദൈവമായ അയ്യപ്പന് മറ്റൊരു കമാണ്ടൊവിന്റെ കാവൽ ആവശ്യമുണ്ടൊ?. അഞ്ചെട്ട്‌ കൊല്ലം മലകയറിയ ബലമുണ്ടനിക്ക്‌. സാക്ഷാൽ മണികണ്ഠൻ സകലരേയും കൈ നീട്ടി സ്വീകരിക്കുന്നവാണ്, തത്വമസിപ്പൊരുളായ ശബരീശൻ കമാണ്ടോകളേയും തന്നിലൊരാളായെ സ്വീകരിക്കൂ, പക്ഷേ ഇത്തരം പുണ്യ സ്ഥലത്ത്‌ കയ്യിൽ ആയുധവുമായി...., എന്തോ വല്ലാതെ ദഹിക്കുന്നില്ല. കമോണ്ടൊകളെ എവിടെയെങ്കിലും സുസജ്ജരായി മാറ്റിനിർത്തുന്നതല്ലെ അതിന്റെ ശരി, അല്ലാതെ അയ്യപ്പ സ്വാമിയെ കാണാൻ കഠിനവ്രതമെടുത്ത്‌ വരുന്നയാൾക്ക്‌ ഒരിറ്റ്‌ സാന്ത്വനത്തേക്കാൾ യന്ത്രതോക്കുകളുടെ കണിയൊരുക്കുന്നത്‌ നീതീകരിക്കാനാവുമോ?
   കഴിഞ്ഞകൊല്ലത്തെപ്പോലെ ശബരീപീഠം മുതൻ ക്യൂ നിൽക്കേണ്ടി വന്നില്ല, എന്തോ ഭാഗ്യത്തിൻ നടപ്പന്തലിൽ ഒരു രണ്ടുമണിക്കൂർ മാത്രം, പുണ്യപടികയറാൻ ഒരുങ്ങി മേലോട്ട്‌ നോക്കുമ്പോൾ അവിടെയും കിടക്കുന്നു നമ്മുടെ കമാണ്ടോകൾ, ഇവിടെ കറുപ്പിനു പുറമെ നീലക്കുപ്പായകാരായ തനിപ്പട്ടാളക്കാരുമുണ്ട്‌. ഫ്ലൈ ഓവറിലെ തിരക്കും കഴിഞ്ഞ്‌ അയ്യപ്പന്റെ മുന്നിൽ എത്തിയപ്പോൾ, നിന്നതിനേക്കാൾ വേഗത്തിൽ തൂക്കിയെറിഞ്ഞു നമ്മുടെ പഴയ പോലീസ്‌ അയ്യപ്പന്മാർ.അങ്ങനെ ഒരാണ്ട്‌ മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയത്‌ സെക്കണ്ടിന്റെ നൂറിലൊരംശം മാത്രം നീണ്ടുനിന്ന ദർശനം. അയ്യപ്പാ നീയെന്നും നിറനിലാവ്‌ പൊഴിച്ച്‌ എന്റെ മനസ്സിലുണ്ടല്ലോ, ജീവനുള്ളിടത്തോളം ആ ദർശനം നീ നിലനിർത്തിയാൽ മതി.
   നെയ്യഭിഷേകം കഴിഞ്ഞ്‌ രാവിലെ മലതിരിച്ചിറങ്ങുമ്പോൾ ഒരുപാട്‌ കാര്യങ്ങൾ ശബരിമല മാസ്റ്റർ പ്ലാനിലേക്ക്‌( അതെന്താണാവോ, എല്ലാ സീസണിലും കേൾക്കാം) സംഭാവാന നൽകാൻ ഞാൻ ഒരുക്കിവച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്, പതിനെട്ടാം പടിയിൽ കർത്തവ്യനിരതരായ മുഴുവൻ പോലിസ്‌ അയ്യപ്പൻ മാരെയും പിൻ വലിക്കണം, പകരം ഫുള്ളി ലോഡഡ്‌ ഓട്ടോമാറ്റിക്ക്‌ തോക്കുമായി രണ്ട്‌ കമാണ്ടോകളെ പടിക്ക്‌ താഴെ ഡ്യൂട്ടിയിലിടണം, പടികയറുന്നതിന് വേഗം പോരാ എന്ന് തോന്നുമ്പോൾ ഇടക്കിടക്ക്‌ ആകാശത്തേക്ക്‌ വെടിവെച്ചാൽമതി .ഇതുകൊണ്ട്‌ മറ്റൊരു ഗുണവുമുണ്ട്‌, വെടി വഴിപാട്‌ നിർത്തലാക്കം, പക്കരം നിരക്ക്‌ കൂടിയ ബുള്ളറ്റ്‌ വഴിപാട്‌ ആരംഭിക്കാം .സോപാനത്തിനുമുൻപിലും രണ്ട്‌ കമാണ്ടൊ അയ്യപ്പന്മാർ പറ്റും, അവർ അയ്യപ്പൻ മാർക്ക്‌ നേരെത്തെന്നെ തോക്ക്‌ ചൂണ്ടണം, അങ്ങനെ യാവുമ്പോൾ ഒറ്റസ്വാമിമാരും തങ്കവിഗ്രഹം കൺകുളിർക്കെ കാണാൻ നിൽക്കാതെ ഓടിക്കോളും.
   ഹരിഹര തനയാ, ആശ്രിത വൽസലാ, സേവിപ്പോർക്കാന്ദമൂർത്തീ, നിത്യബ്രഹ്മ്മചാരീ അഹങ്കാരം കൊണ്ടല്ല, അവിടുത്തോടുള്ള സ്നേഹം കൊണ്ടുമത്രമാണ് ഇത്രയും എഴുതിപ്പോയത്‌.

21 ഡിസംബർ 2008

നടക്കാത്ത നാലുസ്വപ്നങ്ങള്‍

1. പ്രണയം..
സിനിമാ സ്റ്റെയിലിലായിരുന്നു എന്റെ പ്രണയം പൂത്തുലഞ്ഞത്‌. തിരക്കേറിയ കൊയിലാണ്ടി അങ്ങാടിയിലൂടെ ഹോണ്ടാ ആക്ടീവയുമായി പറക്കാറുണ്ടായിരുന്നു അവൾ.പാവം ഹീറോഹോണ്ടബൈക്കിൽ പിൻതുടർന്ന് പരാജയപ്പെട്ട്‌ എന്റെ പ്രണയം കൊടുമ്പിരിക്കൊണ്ടു. അങ്ങനെ ഇരിക്കെ ഒരുദിവസം ഞാനും എന്റെ പ്രണയിനിയിനിയും അതിരാവിലെ നാഷണൻ ഹൈവേയുടെ നടുക്ക്‌ സ്വയം മറന്നു പറക്കുകയായിരുന്നു, പെട്ടന്നായിരുന്നു ഒരു ടിപ്പർ ലോറി എന്റെ പ്രണയഭാജനത്തെ ഇടിച്ചു തെറിപ്പിച്ചത്‌, ഞാൻ നോക്കുമ്പോൾ ആക്റ്റീവ ഒരുവഴിക്കും, എന്റെ പ്രണയിനി ഇരുപതടി മേലോട്ടും തെറിച്ചു പോയിരിക്കുന്നു. ഞാൻ കൃത്യമായി കണക്കുകൂട്ടി, ബൈക്കൊരു വഴിക്കെറിഞ്ഞ്‌ അവൾക്കുനേരെ പഞ്ഞടുത്തു, അറിയാവുന്ന ശാസ്ത്ര സത്യങ്ങൾ വെച്ചു എന്റെ പ്രണയത്തെ സുരക്ഷിതമായി രണ്ടുകയ്യിലുമായി ഒതുക്കി പിന്നോട്ട്‌ മറഞ്ഞു വീണു. എനിക്കൊരു പോറല്‍‌പോലുമേറ്റില്ല.!
2.നിളാതീരത്തെ വീട്‌
തൃശൂരിൽ പഠിക്കാൻ പോവുന്നകാലത്താണു നിള ഒരു വികാരമായി ഉള്ളിൽ കയറിയത്‌. കുഞ്ഞിരാമൻ നായരിലൂടെയും എം ടിയിലൂടെയും മാത്രം അറിഞ്ഞിരുന്ന നിള. പണം ലാഭിക്കാൻ കോയമ്പത്തൂർ ഫാസ്റ്റ്‌പാസ്സഞ്ജറിൽ യാത്ര ചൈതിരുന്ന ഞാൻ, ഷോർണ്ണൂരിൽ നിന്നും തൃശൂരിലേക്ക്‌ ബസ്സിൽ പോകുമ്പോൾ കാണുന്ന നിളാതീരത്തെ കലാമണ്ടലം . പച്ചപുതച്ച്‌ നിൽക്കുന്ന് പട്ടാമ്പിയിലേയും, പള്ളിപ്പുറത്തെയും, തിരുനാവായിലെയും വയലേലകൾ. മനോഹരമായ വള്ളുവനാടൻ ഭാഷ. നീണ്ട മുടിയും നീലിമയാർന്നകണ്ണുകളും മാത്രമുള്ള തരുണികൾ ഉള്ളസ്ഥലം, ഇതിൽക്കൂടുതലെന്തുവേണം കുറച്ചു കവിത മനസ്സിലുള്ള ഒരാൾക്ക്‌ നിളാതീരത്ത്‌ വീടുവെക്കാതിരിക്കാൻ. ഓടുമേഞ്ഞെ വീട്ടിലിരുന്നു, മഴക്കാലത്ത്‌ നിറഞ്ഞ്‌ കവിയുന്ന നിളയെ ഞാൻ സാന്ത്വനിപ്പിച്ചു, വേനലിൽ മണൽപ്പരപ്പിലെ മണൽ ലോറികൾ കണ്ട്‌ നെടുവീർപ്പിട്ടു.
3.കലാകാരൻ
വേദിയിൽ നിന്നു വേദിയിലേക്ക്‌ ഒരു പ്രയാണം തന്നെ യായിരുന്നു, എല്ലായിടത്തും സ്വീകരണങ്ങൾ, പലസ്ഥലത്തും ലൈറ്റ്‌മലഡിയായിരുന്നു ഞാൻ പാടിയിരുന്നത്‌, അടിപോളിപാട്ടുകളോട്‌ എനിക്കുപണ്ടേ വെറുപ്പായിരുന്നു. പഠിക്കാത്തകലകളും കൈവെക്കാത്ത മേഘലകളും ഇല്ലാത്തതിനാൽ എനിക്ക്‌ എല്ലാം വഴങ്ങുമായിരുന്നു. സിനിമാ സംഗീതത്തിന്റെ സകല വശങ്ങളെക്കുറിച്ചും ഞാൻ ആധികാരികമായിത്തന്നെ അഭിപ്രായം പറഞ്ഞു. സംഗീതത്തിന്റെ അനന്തസാഗരത്തിൽ നീന്തിക്കളിച്ച്‌ ഞാൻ ആ വെള്ളമെല്ലം കുടിച്ച്‌ വറ്റിക്കാറുണ്ടായിരുന്നു. യേശുദാസിന്റെയും, ജയചന്ദ്രന്റെയും, മോഹൻലാലിന്റെയും, പെരുവനത്തിന്റെയും, മധുബാലകൃഷ്ണന്റെയും, ബ്ലസ്സിയുടെയും, സകല കളിയാശാന്മാരുടേയും അടുത്ത സുഹൃത്താവാൻ ഈ അറിവ്‌ എന്നെ സഹായിച്ചിരുന്നു.
4.സൗഹൃദം
ഒരിക്കൽ കൂട്ടുകൂടുന്നവർ ഒരിക്കലും എന്നെ മറക്കാറില്ലെ. സൗഹൃദത്തിന്റെ ഒരു വലിയ വലയംതെന്നെ എന്നെ ചുറ്റിപറ്റിയുണ്ടാകാറുണ്ട്‌. ഏത്‌ അറിയാത്തനാട്ടിൽ പോയാലും പണ്ടത്തെ സൗഹൃദത്തിന്റെ ബാക്കിപത്രമായ ഒരാൾ വന്ന് എന്നെ അവരുടെ അഥിതിയാവാൻ ക്ഷണിക്കാറുണ്ട്‌. അല്ലെങ്കിലും കണ്ടാൽ ഒരു ജാടക്കാരന്റെ ലുക്ക്‌ ഇല്ലാത്തതിനാൽ എത്രയും പെട്ടന്ന് സൗഹൃദം ഉണ്ടാക്കാൻ എനിക്കു പറ്റാറുമുണ്ട്‌.

വാൽക്കഷ്ണം
ഇത്രയും കാര്യങ്ങൾ സത്യമാണെന്ന് ആർക്കെങ്കിലും തോന്നിയാൽ, അതിനുത്തരവാദി അവർ മാത്രമായിരിക്കും.